Malayalam Love Messages,Love Photos,Friendship Messages,Friendship Photos
Monday, May 12, 2014
pranaya sallapam
ഞാന്‍ നിന്നെ പ്രണയിക്കുന്നു.
ഒരു സ്വപ്നം പോലെയാണ് ഞാന്‍ അവളെ കണ്ടു മുട്ടിയത്.
ഒരു നിയോഗം പോലെയാണ് എനിക്ക് അവളോട് അനുരാഗം തോന്നിയത്.
ഈ രാത്രിക്കെന്തിനാ ഇത്രയും ദൈര്‍ഘ്യമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
കാരണം, എത്രയും പെട്ടെന്ന് നേരം പുലര്‍ന്നാലേ എനിക്കവളെ കാണാനൊക്കൂ..
പാതിരാവിലെ പൂര്‍ണ്ണ ചന്ദ്രന്‍ എന്‍റെ വീക്ക്നെസ്സ് ആയിരുന്നു. അവളെ കാണുമ്പോള്‍ പറയാനായി കണ്ടുവെച്ച ഡയലോഗുകള്‍ ഞാന്‍ ആ ചന്ദ്രനോട് പറഞ്ഞ് പരിശീലിക്കുമായിരുന്നു.
നേരം പുലര്‍ന്നു. ഓര്‍മ്മകളുടെ വസന്തമെന്ന് ആ ദിവസത്തെ കലണ്ടറില്‍ കുറിച്ചിട്ട് പുറത്തേക്കിറങ്ങി.
മോണിംഗ് വാക്കിനിറങ്ങിയ ചില കാരണവന്‍മാര്‍ മാത്രമാണ് റോഡില്‍ . ഞാന്‍ പതുക്കെ വടക്കോട്ടു നടന്നു. മധുരംപുള്ളി ബസ് സ്റ്റോപ്പില്‍ അവളെയും കാത്തിരുന്നു.
എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് ഒരിളം കാറ്റ് എന്നെ വാരിപ്പുണര്‍ന്നു. ആരോടും പറയരുതെന്ന് വഴിവക്കിലെ കൊന്നപ്പത്തലുകളോട് ഞാന്‍ ശപഥം ചെയ്യിച്ചു.
ഒടുവില്‍ കാത്തിരുന്ന നിമിഷം വന്നണഞ്ഞു.
ഇളം ചുവപ്പ് ചുരിദാറണിഞ്ഞ് കൈയ്യില്‍ പുസ്തകക്കെട്ടുമായി അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നു.
ഞാന്‍ ചുറ്റും കണ്ണോടിച്ചു. ആരുമില്ലെന്ന് ഉറപ്പു വരുത്തി.
എന്‍റെ കൈകള്‍ വിറക്കുന്നത് തണുപ്പിന്‍റെ കാഠിന്യം കൊണ്ടാണെന്ന് സ്വയം വിലയിരുത്തി. എന്‍റെ ഹൃദയം പിടക്കുന്നത് ഉള്ളിലെ അനുരാഗം കൊണ്ടു മാത്രമാണെന്ന് പറഞ്ഞ് സമാധാനിച്ചു.
അവളും ഞാനും മാത്രമായി ബസ് സ്റ്റോപ്പില്‍…
“ഹായ് റഹീ .. എന്താണ് രാവിലെ തന്നെ…”
അവളെന്നെ നോക്കി. എന്‍റെ സകല ഞരമ്പുകളിലും രക്തം കട്ട പിടിക്കുന്നത് പോലെ. ഈ ചോദ്യം ഞാന്‍ അങ്ങോട്ട് ചോദിക്കേണ്ടതല്ലേ എന്നാണ് ആ നോട്ടത്തിന്‍റെ അര്‍ത്ഥം എന്നെന്നിക്ക് തോന്നി.
“റഹീ .. ഞാന്‍ തന്നെയും കാത്തിരിക്കുകയായിരുന്നു.”
എന്‍റെ നെഞ്ചിടിപ്പ് കൂടിക്കൂടി വരുന്നത് പോലെ.. ചുറ്റും കണ്ണോടിച്ച് ആരുമില്ലെന്ന് ഇടക്കിടെ ഉറപ്പിച്ചു കൊണ്ടിരുന്നു.
“റഹീ.. ആദ്യമേ കണ്ടപ്പോള്‍ എ…എനിക്ക് തന്നോട് തോന്നിയ .. ഒരു… ഒരു ഇഷ്ടം. I don’t know, how I can express it..”
ഉള്ളില്‍ പേടി തോന്നിയാല്‍ പിന്നെ അത് പുറത്ത് കാണിക്കാതെ സംസാരിക്കാന്‍ ഏറ്റവും നല്ല ഭാഷ ഇംഗ്ലീഷായിരിക്കും. കാരണം, മലയാളത്തില്‍ സംസാരിച്ചാല്‍ നമ്മുടെ വിറയല്‍ ആ സംസാരത്തിലൂടെ കേള്‍വിക്കാരന് തിരിച്ചറിയാന്‍ കഴിയും. ഇംഗ്ലീഷിലാവുമ്പോള്‍ അതു പറയൂന്ന എനിക്കും, കേള്‍ക്കുന്ന അവള്‍ക്കും വലിയ പിടിയൊന്നുമില്ലാത്തത് കൊണ്ട്, ഒരു വിറയല്‍ വന്നാല്‍ തന്നെ അത് ഭാഷയുടെ കുറ്റമാക്കി മാറ്റാന്‍ പറ്റും എന്നു ഞാനൂഹിച്ചിരുന്നു.
“റഹീ .. എന്തിന്, എന്തു കൊണ്ട്, എങ്ങിനെ എന്നൊന്നും എന്നോട് ചോദിക്കരുത്. അത്, ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍ മാത്രമായിരിക്കും. എനിക്ക് പറയാനുള്ളത് ഇത്രമാത്രം.. എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്. ജീവിതത്തില്‍ എനിക്കാദ്യമായി ഒരു പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം… റഹീ .. അത് നിന്നോടാ… I Love You Rahee.. I Love You So Much….”
അവളെന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ഞാനത് തടഞ്ഞു.
“എന്തായിരിക്കും റഹീ പറയാന്‍ പോകുന്നതെന്ന് എനിക്കറിയാം. റഹീയോട് എന്നെ ഇഷ്ടപ്പെടണമെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.. എന്‍റെ മനസ്സില്‍ തന്നോട് തോന്നിയ ഇഷ്ടം, അത് ഞാന്‍ തുറന്നു പറഞ്ഞു. പക്ഷെ, തന്‍റെ ഇഷ്ടം ഞാന്‍ ആഗ്രഹിക്കുന്നു.. പ്രതീക്ഷിക്കുന്നു… പെട്ടെന്നൊരു മറുപടി വേണ്ട. ആലോചിച്ചതിന് ശേഷം മാത്രം.”
വീണ്ടും കാണാം എന്ന് വാക്കുപറഞ്ഞ് ഞാന്‍ അവിടുന്ന് മുങ്ങി.
എന്‍റമ്മോ..! ഒരു പെണ്‍കുട്ടിയോട് എന്‍റെ ഇഷ്ടം വെട്ടിത്തുറന്ന് പറഞ്ഞപ്പോ, യുദ്ധം കഴിഞ്ഞ ഇറാഖിന്‍റെ അവസ്ഥപോലെയായി എന്‍റെ മനസ്സ്…
ബൈ : ...........!!!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment